മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം മേടരാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബപരമായി ചില സങ്കീർണ്ണമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർക്ക് രോഗാവസ്ഥ മൂർച്ഛിക്കാനും ശസ്ത്രക്രിയ (Surgery) വരെ ആവശ്യമായി വരാനും സാധ്യത കാണുന്നു. അത്തരം സാഹചര്യങ്ങളിൽ കൃത്യമായ വൈദ്യസഹായത്തോടൊപ്പം ജാതകപ്രകാരമുള്ള ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ആശ്വാസം നൽകും. വാരമധ്യത്തോടെ സഹോദരസ്ഥാനത്തുള്ളവരിൽ നിന്ന് സഹായവും അപ്രതീക്ഷിത ധനലാഭവും ഉണ്ടാകും. എങ്കിലും സംസാരത്തിൽ കടുത്ത മിതത്വം പാലിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. വാഹനഭാഗ്യം, ശയനസുഖം, പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ വാങ്ങാനുള്ള യോഗം എന്നിവ പ്രതീക്ഷിക്കാം. വിദേശത്തുനിന്നുള്ള പ്രിയപ്പെട്ടവരിൽ നിന്ന് സമ്മാനങ്ങൾ ലഭിച്ചേക്കാം. എന്നാൽ വാരമധ്യത്തോടെ പങ്കാളിയുമായോ സന്താനങ്ങളുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാം. അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ അതീവ ജാഗ്രത പുലർത്തണം. വാരാന്ത്യത്തിൽ സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും കുടുംബ പ്രശ്നങ്ങൾ സങ്കീർണ്ണമാകാതെ നോക്കണം..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വാരാരംഭത്തിൽ ഔദ്യോഗിക രംഗത്ത് മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകാൻ സാധ്യതയുള്ളതിനാൽ ജോലിയിൽ അതീവ ശ്രദ്ധ പുലർത്തുക. വാരമധ്യത്തോടെ ദീർഘകാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. സ്വത്തു തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കോടതി മുഖേന അനുകൂല വിധി പ്രതീക്ഷിക്കാം. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്. വാരന്ത്യത്തോടെ ശത്രുജയം, സാമ്പത്തിക നേട്ടം, ഭൂമി ലാഭം, തൊഴിൽ വിജയം എന്നിവ കൈവരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കുന്ന ശുഭകരമായ വാരമാണിത്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയവും അംഗീകാരങ്ങളും കൈവരും. ദീർഘകാലമായി അകന്നു കഴിഞ്ഞിരുന്ന പ്രിയപ്പെട്ടവരെ കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാനും അവസരം ലഭിക്കും. വിദേശയാത്രയ്ക്കോ വിദേശവാസത്തിനോ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള തടസ്സങ്ങൾ നീങ്ങും. സാമ്പത്തിക പുരോഗതിയും അപ്രതീക്ഷിത സുഹൃദ്ബന്ധങ്ങളും ഈ വാരത്തിന്റെ സവിശേഷതയാണ്. എങ്കിലും പങ്കാളിയുമായി നിസ്സാര കാര്യങ്ങൾക്ക് പിണങ്ങേണ്ട അവസ്ഥ വരാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഈ വാരം ഭാഗ്യവും പുതിയ അവസരങ്ങളും നിറഞ്ഞതായിരിക്കും. പ്രശസ്തമായ പുണ്യ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ഈ യാത്രകൾ ആത്മീയമായ ഉണർവ്വിനും മനസ്സിന് വലിയ സമാധാനവും സന്തോഷവും നൽകാനും സഹായിക്കും. ധനകാര്യ മേഖലയിൽ നിന്ന് മികച്ച വാർത്തകൾ നിങ്ങളെ തേടിയെത്തും; സാമ്പത്തിക ലാഭവും ഭക്ഷണസുഖവും പ്രതീക്ഷിക്കാം. എന്നാൽ വാരത്തിന്റെ അവസാനത്തോടെ അനാവശ്യ കൂട്ടുകെട്ടുകളിൽ പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക; ഇത് വലിയ ധനനഷ്ടത്തിനും മാനഹാനിക്കും കാരണമായേക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ കന്നിരാശിക്കാർക്ക് വലിയ അളവിൽ ക്ഷമയും ധൈര്യവും ആവശ്യമായി വരും. ചില തിരിച്ചടികളും ഒപ്പം ചില നേട്ടങ്ങളും ഈ വാരം ഒരേപോലെ അനുഭവപ്പെടാം. ലോൺ, കടബാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നങ്ങളോ കേസ് വഴക്കുകളോ ഉണ്ടായേക്കാം; ഇത് നിങ്ങളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കാം. എന്നാൽ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ കരാറുകൾ (Contracts) ഒപ്പിടാൻ സാധിക്കും. കുടുംബത്തിലെ തർക്കങ്ങൾക്ക് താൽക്കാലിക ശമനമുണ്ടാകും. പഴയ ബന്ധുക്കളെ കണ്ടുമുട്ടാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഈ വാരം നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നൽകുക. അനാവശ്യമായ കൂട്ടുകെട്ടുകളോ സൗഹൃദങ്ങളോ നിങ്ങളെ വലിയ പ്രതിസന്ധികളിൽ എത്തിച്ചേക്കാം; അപമാനങ്ങൾക്കും മാനഹാനിക്കും സാധ്യതയുള്ളതിനാൽ ആരോടാണ് ഇടപഴകുന്നത് എന്നതിൽ അതീവ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത സംഭവങ്ങൾ നേരിടേണ്ടി വന്നേക്കാമെങ്കിലും വാരന്ത്യത്തോടെ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ഔദ്യോഗിക രംഗത്ത് മികച്ച അംഗീകാരവും പ്രശംസയും ലഭിക്കും. ധനലാഭം, കീർത്തി, ദാമ്പത്യ ഐക്യം എന്നിവ കൈവരുന്നതാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സമ്മിശ്രമായ അനുഭവങ്ങൾ കാത്തിരിക്കുന്ന വാരമാണിത്. വാരാരംഭത്തിൽ ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടാനും അവരോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ മംഗളകർമ്മങ്ങളിൽ സജീവമായി പങ്കെടുക്കാനോ സാധിക്കും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരിൽ നിന്നും മികച്ച സഹായസഹകരണങ്ങൾ ഉണ്ടാകും. എന്നാൽ വാരമധ്യത്തിൽ മറ്റുള്ളവരുടെ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് വഴി അപമാനം നേരിടേണ്ടി വന്നേക്കാം. വാരാന്ത്യത്തോടെ സാമ്പത്തിക ലാഭം നിങ്ങളെ തേടിയെത്തും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കല, സാഹിത്യം, സർഗ്ഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന സമയമാണിത്. ബാല്യകാല സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ സാധിക്കും. സൈനികം, പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് അർഹമായ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കാൻ യോഗമുണ്ട്. സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദികൾ പങ്കിടാനും സാധിക്കും. ദമ്പതികൾക്കിടയിലെ പിണക്കങ്ങൾ മാറി ഐക്യമുണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഉള്ള തർക്കങ്ങൾ നിയമപരമായ കേസ് വഴക്കുകളിലേക്കോ ശത്രുതയിലേക്കോ വഴിമാറിയേക്കാം. മറ്റുള്ളവരെ സഹായിക്കാൻ പോകുന്നത് വഴി അനാവശ്യ അപമാനം നേരിടേണ്ടി വന്നേക്കാമെന്നതിനാൽ ജാഗ്രത പാലിക്കുക. എന്നാൽ വാരമധ്യത്തോടെ തൊഴിൽപരമായ പ്രതിസന്ധികൾ മാറുകയും ജോലിഭാരം കുറയുകയും ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് അർഹമായ പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും പുനഃസ്ഥാപിക്കപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും കടബാധ്യതകൾ തീർക്കാനുമുള്ള വഴികൾ തുറക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ മാനസികമായി ചില കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ചിലപ്പോൾ കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമോ അന്യദേശ വാസമോ ഉണ്ടായേക്കാം. എന്നാൽ വാരമധ്യത്തോടെ അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തും. ദീർഘകാലമായി ലഭിക്കാതിരുന്ന കടങ്ങളോ വലിയ സമ്മാനങ്ങളോ കൈവശം വന്നുചേരും. കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. ബന്ധുക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും. ദാമ്പത്യ ഐക്യം, ശത്രുനാശം, കീർത്തി എന്നിവയതോടൊപ്പം ഔദ്യോഗിക രംഗത്ത് ഉന്നത സ്ഥാനപ്രാപ്തിക്കും യോഗമുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കുടുംബപരമായി വളരെ അധികം വെല്ലുവിളികളും മനഃസ്വസ്ഥതക്കുറവും നേരിടേണ്ടി വരുന്ന വാരമാണിത്. നിങ്ങൾക്കോ, പങ്കാളിക്കോ, സന്താനങ്ങൾക്കോ അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടവർക്കോ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിവാസം വേണ്ടിവന്നേക്കാം. ഉറക്കക്കുറവും ദുഃസ്വപ്നങ്ങളും അലട്ടാനിടയുണ്ട്. സന്താനഭാഗ്യത്തിനായി ചികിത്സ നടത്തുന്നവർ വൈദ്യശാസ്ത്രപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും. വാരന്ത്യത്തോടെ തൊഴിൽ ക്ലേശങ്ങൾക്കും യാത്രാദുരിതങ്ങൾക്കും പരിഹാരമാകും. ശത്രുതയിലായിരുന്നവർ മിത്രങ്ങളായി മാറുകയും കൂട്ടുകച്ചവടത്തിൽ വലിയ ലാഭം കൈവരിക്കുകയും ചെയ്യും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212